Saturday, August 14, 2010

സങ്കല്പം

 
ഞാന്‍ ദൂരേയ്ക്ക് നോക്കിയിരുന്നു
ചെറുകാറ്റ് വീശുന്നുണ്ടായിരുന്നു.
ആകാശത്തെ തൊടാന്‍ എന്‍റെ കൈകള്‍ കൊതിച്ചു,
പക്ഷേ എനിക്ക് അതിനു സാധിക്കില്ലലോ!!
ഒരു പ്രാവ് എന്‍റെ ചുമലില്‍ വന്നിരുന്നു
ഞാന്‍ എന്‍റെ ആഗ്രഹം അതിനോട് പറഞ്ഞു.
പ്രാവ് എന്നോട് പറഞ്ഞു
"നിന്‍റെ ആഗ്രഹം ഞാന്‍ മലയോടു പറയാം;
മല അത് മേഘത്തോട് പറഞ്ഞുകൊള്ളും.
മേഘം നിനക്കുവേണ്ടി ആകാശത്തെ തൊടും"
ഞാന്‍ സന്തോഷിച്ചു.
എന്നാലും ഒരു സംശയം;
തൊടുന്നത് എങ്ങനെ? ആകാശം ഒരു സങ്കല്പം അല്ലെ?
അപ്പോള്‍ മനസ് എന്നോട് പറഞ്ഞു
"ആകാശത്തെ തൊടാന്‍ ഞാന്‍ കൊതിച്ചു
ആ സങ്കല്പ്പത്തെ ഞാന്‍ വിശ്വസിക്കുന്നു"
ശരിയാണ്.. ഞാന്‍ ആകാശത്തെ തൊടും.

Monday, July 12, 2010

സ്പാനിഷ്‌ വിജയം...


ആന്ദ്രെ ഇനിയേസ്റ്റയുടെ ഗോള്‍ സ്പെയിനിന് സമ്മാനിച്ചത് ചരിത്രനേട്ടമാണ്. അങ്ങനെ 2010 ലോകകപ്പ്‌ സ്പെയിന്‍ സ്വന്തമാക്കി. ഹോളണ്ടിനെതിരെ ഏകപക്ഷീയമായ ഒരു ഗോള്‍ നേടിയാണ്‌ സ്പെയിന്‍ കപ്പില്‍ മുത്തമിട്ടത്. കളിച്ച ആദ്യഫൈനലില്‍ തന്നെയാണ് ഈ സുവര്‍ണ്ണനേട്ടം കൈവരിച്ചത്.  ഒപ്പം യുറോകപ്പും  ലോകകപ്പും ഒരുമിച്ചു നേടുന്ന രണ്ടാമത്തെ  രാജ്യം എന്ന ബഹുമതിയും സ്പെയിനിന് സ്വന്തം. എക്സ്ട്രാടൈമില്‍ ഗോള്‍ വലക്കുള്ളിലായപ്പോള്‍ ക്യാപ്റ്റന്‍ ഇകര്‍ കസിയസിന്റെ ലോകകപ്പ്‌ ഏറ്റുവാങ്ങുക എന്ന സ്വപ്നം സത്യമാകുകയായിരുന്നു. സ്പെയിനിന്റെ ജയത്തോടെ ദക്ഷിണ ആഫ്രിക്കയിലെ ലോകകപ്പിന് കൊടിയിറങ്ങി. ഇനി 2014 ബ്രസീലിലേക്ക്.....

Wednesday, June 30, 2010

കുറ്റബോധം

കൈയില്‍ ചോര പുരണ്ടിരിക്കുന്നു.വല്ലാത്ത അസ്വസ്ഥത. കൈ കഴുകണം, പക്ഷേ അടുത്തൊന്നും വെള്ളമില്ല. ചുറ്റും കട്ടപിടിച്ച ചോരയുടെ മരവിപ്പ്. അവന് അസഹിനീയമായ മടുപ്പ് തോന്നി. പക്ഷേ ആ മരവിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ വഴിയൊന്നും കണ്ടില്ല. അവന്‍ തന്റെ മുഷിഞ്ഞ ഉടുപ്പില്‍ കൈ തുടച്ചു. നഖങ്ങല്‍ക്കിടയിലും ചോര. മസ്തിഷ്കത്തിലേക്ക്‌ തുളഞ്ഞുകയറുന്ന ഗന്ധവും. ഒരിറ്റു ജലം കിട്ടാന്‍ അവന്‍ വല്ലാതെ കൊതിച്ചു.
കണ്ണുകള്‍ അടച്ചു ഇരുട്ടാക്കിനോക്കി. കണ്ണുകള്‍ തുറക്കാതെ തന്നെ രണ്ടടി മുന്നോട്ടുനടന്നു. പെട്ടന്നു മൊബൈല്‍ഫോണ്‍ ശബ്ദിച്ചു. അവന്‍ കണ്ണുകള്‍ തുറന്നു കോള്‍ എടുത്തു.
"അതേ
എല്ലാം കഴിഞ്ഞു, അവന്റെ ശല്യം ഇനി ഉണ്ടാകില്ല.
മ്.. പറഞ്ഞ കാശ് . ..
ശരി.
അടുത്ത ക്വട്ടേഷനോ.... എവിടയാണ്??
ശരി. അക്കാര്യം ഞാനേറ്റു..."

ഫോണ്‍ കീശയിലിട്ട്‌  ചോരയില്‍ ചവിട്ടി അവന്‍ നടന്നു. മനസ്സില്‍ തലപൊക്കിയ കുറ്റബോധത്തെ കുഴിച്ചുമൂടി, വീണ്ടും കൈകളില്‍ ചോര പുരട്ടാന്‍ ..

Tuesday, June 8, 2010

ഇപ്പോള്‍ ഇവിടെ മഴയാണ്..

ആദ്യം കാറ്റു വന്നു; പിന്നെ മഴയും. വേനലിന്റെ തീക്ഷണതയില്‍ നിന്നും മഴയുടെ കുളിര്‍മ്മയിലേക്കുള്ള പ്രകൃതിയുടെ ചുവടുമാറ്റം. മണ്ണിന്റെ മണം അറിഞ്ഞുതുടങ്ങി. ഉണങ്ങികിടന്ന മണ്ണില്‍ പുതുമഴ വീണ്, ഒഴുകുന്ന വെള്ളത്തിനൊപ്പം ആ മണവും ഒഴുകി.

മഴ കനത്തുവരുന്നു. ഇലകളും പൂക്കളും ചിരിച്ചു. ഒരു നനഞ്ഞ കാക്ക വൃക്ഷക്കൊമ്പില്‍ ഇലകള്‍ക്കടിയിലിരുന്നു ചിറക് കുടയുന്നു. മഴവരും മുന്‍പ് അത് കൂടുകൂട്ടാന്‍ മറന്നതോ, അതോ ഇവിടെ പെട്ടുപോയതോ..

എന്തൊരു സുഖമാണ് ഈ മഴ.. എത്രകണ്ടാലും മതിവരില്ല; എത്ര നനഞ്ഞാലും കൊതിതീരില്ല. പണ്ട് പ്രൈമറിക്ലാസ്സില്‍ മഴ പെയ്യുന്നത് എങ്ങനെ എന്നു പഠിച്ചത് പെട്ടെന്നു ഓര്‍മ്മയില്‍വന്നു. ആ ശാസ്ത്രമാണോ മഴ. അതോ ഒരു കവിതയില്‍ വായിച്ചതുപോലെ, മേഘങ്ങള്‍ നിറകുടവുമായിവന്ന് വെള്ളം തളിച്ചാണോ മഴ പെയ്യിക്കുന്നത്. എന്തൊരു കവിഭാവന, അല്ലെ..?

കണ്ടുകണ്ടിരുന്നപ്പോള്‍ തോന്നി, മഴ പെയ്തു തോരുകയാണോ. അതെ, ഇപ്പോള്‍ മരം പെയ്യുകയാണ്. വാഴയിലയില്‍ നിന്നും വെള്ളത്തുള്ളികള്‍ ഒഴുകി മണ്ണിലേക്ക് പതിച്ചു; സ്ഫടികത്തുള്ളികള്‍പോലെ. ഞാന്‍ പുറത്തേക്കു ഇറങ്ങി. എന്റെ കണ്‍പീലിയിലും വീണു ഒരു മഴതുള്ളി.

Friday, May 28, 2010

കുറച്ച് നേരം

പാര്‍ക്കില്‍ ചെന്ന് ഒരു മരത്തണലില്‍ ഇരുന്നു. ആരും വരുമെന്ന് പറഞ്ഞില്ല, ആരെയും പ്രതീക്ഷിച്ചുമല്ല; എങ്കിലും ചുറ്റും കണ്ണുകള്‍ പാഞ്ഞുകൊണ്ടിരുന്നു.
കുറച്ച് അപ്പുറത്തായി ഒരു സുഹൃത്ത്കൂട്ടം ഇരിക്കുന്നുണ്ടായിരുന്നു. അവിടുന്ന് സംസാരവും ചിരിയും ഒക്കെ കേള്‍ക്കാം. ഇടയ്ക്ക് അങ്ങോട്ട്‌ നോക്കുന്നുണ്ടെങ്കിലും അങ്ങോട്ടേക്ക് അത്ര ശ്രദ്ധ കൊടുക്കാന്‍ മനസിന്‌ താല്പര്യമില്ലായിരുന്നു. യഥാര്‍ത്ഥത്തില്‍ അപ്പോള്‍ മനസ് ഒന്നിലും ഊന്നാതെ സ്വതന്ത്രമായി ചിന്തിക്കാന്‍ ആഗ്രഹിച്ചതു പോലെ.

ഒരു മരത്തില്‍ വയലറ്റ് പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്നു. പച്ചയുടെ ഇടയിലായി വയലറ്റുകള്‍ കാണാന്‍ നല്ല ഭംഗി തോന്നി. പൂക്കളെ ചുറ്റിപറ്റി രണ്ടു മഞ്ഞ ശലഭങ്ങള്‍ പാറിനടക്കുന്നു. വയലറ്റ് പൂക്കള്‍ കൊഴിയുന്നുണ്ടായിരുന്നു. റ്റാറിട്ട  വഴിയില്‍ വീണുകിടക്കുന്ന വയലറ്റുകളിലും പ്രകൃതിയുടെ സൗന്ദര്യം തെളിഞ്ഞു.

അവിടെ നിര്‍ത്തിയിട്ടിരുന്ന  കാറില്‍നിന്നും ഒരു കുട്ടി ഓടി ഇറങ്ങിവന്നു. രണ്ടു മൂന്നു പൂക്കള്‍ കൈയിലെടുത്തു. നിഷ്കളങ്കമായ ചിരിയോടെ കുഞ്ഞ് വയലറ്റ് നിറത്തെ നോക്കി. അമ്മവന്ന് കൈപിടിച്ച് കുഞ്ഞിനെ എങ്ങോട്ടോ കൂട്ടികൊണ്ടുപോയി. അങ്ങനെ ആ കാഴ്ച കഴിഞ്ഞു.

പാര്‍ക്കിലേക്ക് കുറെപേര്‍ വരുന്നുണ്ട്. കുറച്ചുപേര്‍ പോകുന്നുമുണ്ട്. രണ്ടു കുട്ടികള്‍ ഊഞ്ഞാലില്‍ ആടികളിക്കുന്നുണ്ട്. അതില്‍ ഒരു പെണ്‍കുട്ടി കൗതുകത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു. കുട്ടിയുടെ പഞ്ചാബി രീതിയിലുള്ള വേഷം കണ്ടപ്പോള്‍ എനിക്കും കൗതുകം തോന്നി.

കുറച്ച്നേരം കൂടി മനസ് ഒന്നിലും ഉറയ്ക്കാതെ എന്തൊക്കയോ ആലോചിച്ചിരുന്നു. എന്നിട്ട് എഴുന്നേറ്റുനടന്നു. പോകുന്നേരം ഒന്നുകൂടി ആ പഞ്ചാബിവേഷക്കാരിയെ തിരിഞ്ഞുനോക്കി. പിന്നെ പാര്‍ക്കിലെ ആ കൊച്ചുലോകത്തെ വെടിഞ്ഞു വിശാലമായ വഴിയോരലോകത്തേക്ക് കടന്നു.

Sunday, January 17, 2010

വ്യക്തിസംഘര്‍ഷങ്ങളിലൂടെ 'ഈസ്റ്റേണ്‍ പ്ലെയ്സ്'

മനുഷ്യമനസിന്റെയും ബന്ധങ്ങളുടെയും വ്യത്യസ്തമായ ചേര്‍ത്തുവയ്ക്കലിന്റെ കഥപറയുന്ന ചിത്രമാണ് അമെന്‍ കലേവിന്റെ 'ഈസ്റ്റെന്‍ പ്ലെയ്സ്'. കലാകാരനായ ഇത്സോവിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്.പലപ്പോഴും അസ്വസ്ഥനായി കാണപ്പെടുന്ന ഇയാള്‍ പൊതുവെ ഒറ്റപെട്ട അവസ്ഥയിലാണ് ജീവിക്കുന്നത്.


അപ്രതീക്ഷിതമായി, ഒരു രാത്രിയില്‍ അയാള്‍ ഒരു ടര്‍ക്കിഷ് കുടുംബത്തെ നാസികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കുന്നു. അവശനായ കുടുംബനാഥനെ ഇത്സോ തന്നെ ആസ്പത്രിയില്‍ എത്തിക്കുന്നു. തന്റെ സഹോദരന്‍ കൂടി ആ ആക്രമണസംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നു മനസില്ലാക്കിയ ഇത്സോ അവനെ അതില്‍നിന്നും പിന്മാറാന്‍ ഉപദേശിക്കുന്നു. ബന്ധങ്ങളുടെ ഇടപെടലുകളില്‍ ഉണ്ടാകുന്ന സ്വാധീനം ഏതൊരു വ്യക്തിയും ഉലച്ചെന്നു വരാം. തന്റെ ജേഷ്oന്‍ പറഞ്ഞത് അപ്പാടെ നിഷേധിക്കാന്‍ ജോര്‍ജ്ജിക്ക് കഴിയുന്നില്ല. കൂടുതല്‍ ക്രൂരംമായ പ്രവര്‍ത്തനങ്ങള്‍ നാസിസംഘം ആസൂത്രണം ചെയ്യുമ്പോള്‍ ജോര്‍ജി അതില്‍നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുന്നു.


സന്തുഷ്ടമായ കുടുംബബന്ധങ്ങളെ നമുക്കീ ചിത്രത്തില്‍ കാണാനാവില്ല. പക്ഷേ ഓരോ കഥാപാത്രത്തിന്റെയും മനസ്സില്‍ ബന്ധങ്ങള്‍ ആഴത്തില്‍ സ്പര്‍ഷിച്ചിരിക്കുന്നത്‌ പ്രേക്ഷകന് തിരിച്ചറിയാം. ഇതിനിടെയില്‍ ടര്‍ക്കിഷ് കുടുംബത്തിലെ പെണ്‍ക്കുട്ടിയുമായി ഇത്സോ പ്രണയത്തിലാകുന്നു. ആ ബന്ധത്തില്‍ അയാള്‍ തന്റെ അസ്വസ്ഥതകള്‍ മറക്കുന്നു. എന്നാല്‍ കുടുംബത്തോടൊപ്പം അവള്‍ തിരികെപോകുന്നതോടെ അയാള്‍ വീണ്ടും ഏകനാകുന്നു.


ബന്ധങ്ങള്‍ക്ക് വ്യക്തിയുടെ മനസിനെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. ഒരാള്‍ സ്വന്തം സാഹചര്യങ്ങളുടെ പ്രേരണയാലാണ് ജീവിക്കുന്നത്. സന്തോഷമായാലും സങ്കടമായാലും അത് അവന്‍ മാത്രം സ്വയം നിശ്ചയിക്കുന്ന ഒന്നല്ല. ഒരു സാധാരണമനുഷ്യന് അവന്റെ ബന്ധങ്ങളെ പെട്ടന്ന് നിഷേധിക്കാനോ വേണ്ടന്നുവയ്ക്കാനോ ആവില്ല. ടര്‍ക്കിഷ് പെണ്‍ക്കുട്ടി തിരിച്ചുപോയി എന്നറിയുമ്പോള്‍ കുറച്ചുനേരത്തേക്ക് ഇത്സോ അലഞ്ഞുനടക്കുകയാണ്. സിനിമയുടെ തുടക്കത്തില്‍ അയാള്‍ക്കുള്ള ഏകാന്തത താല്ക്കാലികമായി ഇല്ലാതാകുന്നു എങ്കിലും അവസാനം അയാള്‍ അതേ അവസ്ഥയില്‍ തന്നെ വന്നെത്തുന്നു. ബന്ധങ്ങളുടെ സ്വാധീനത്താല്‍ മനുഷ്യനുണ്ടാകുന്ന സങ്കീര്‍ണ്ണമായ മാനസികാവസ്ഥയിലേയ്ക്കാണ് ഈ ചിത്രം വിരല്‍ ചൂണ്ടുന്നത്.

Friday, January 15, 2010

വ്യത്യസ്ത പ്രമേയവുമായി 'ആന്റിക്രൈസ്റ്റ്'

ഒറ്റനോട്ടത്തില്‍ പ്രേക്ഷകനെ ഞെട്ടിച്ച സിനിമ. അതായിരുന്നു ലാര്‍സ് വോണ്‍ ട്രയറിന്റെ 'ആന്റിക്രൈസ്റ്റ്'. ചിന്തയ്ക്കുമപ്പുറമുള്ള ജീവിതത്തിന്റെ അപൂര്‍വതകളെ വിഷ്വലുകളിലൂടെ നമ്മുടെ മനസിലേയ്ക്ക് കടത്തിവിട്ടിരിക്കുന്നു.

ദമ്പതികള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പെട്ടുകൊണ്ടിരിക്കെ അവരുടെ മകന്‍ മരിക്കുന്നതിന്റെ ആഘാതമാണ് സിനിമയുടെ പ്രമേയത്തിന് ആധാരം. ഈ ദുരന്തത്തിന്റെ തുടര്‍ച്ചയായി ഉണ്ടാകുന്നത് അനിയന്ത്രിതമായ മാനസികസംഘര്‍ഷങ്ങളും അസ്വസ്ഥതകളുമാണ്. ആഘാതത്തിന്റെ നിഴലില്‍പെട്ട് തികച്ചും അസ്വാഭാവികമായ രീതിയിലാണ് സ്ത്രീ പലപ്പോഴും പെരുമാറുന്നത്. ഭാര്യയുടെ ഭീകരമായ ഈ അവസ്ഥയെ ചികിത്സിച്ചു ഭേദമാക്കാന്‍ തെറാപ്പിസ്റ്റായ ഭര്‍ത്താവ് തീരുമാനിക്കുന്നു. ഇതിനായി അയാള്‍ ഭാര്യയുമൊത്ത് ഏകാന്തമായ ഒരു വനപ്രദേശത്ത് താമസിക്കാന്‍ പോകുന്നു. അസ്വാഭാവികമായി പെരുമാറുന്ന ഭാര്യയുടെ രീതികളുമായി പൊരുത്തപെടാന്‍ അയാള്‍ക്ക് പലപ്പോഴും കഴിയുന്നില്ല.

വിശ്വാസങ്ങളെയും സദാചാരബോധത്തെയുമെല്ലാം തയ്ച്ചുടച്ചുകൊണ്ട് കഥപറയുകയാണ് ഈ ചലച്ചിത്രം. സ്വയംഭോഗവും വിരുദ്ധ ലൈംഗികവേഴ്ചയുമെല്ലാം നേര്‍കാഴ്ചകളാകുന്നു. ക്രൂരതകളുടെ മുകളില്‍ വെള്ളപൂശുന്ന സമൂഹത്തിന്റെ അടിത്തട്ടില്‍ ഇതിലും ക്രൂരതകള്‍ ഒളിഞ്ഞിരിക്കുന്നുണ്ടാകും.

പതിയെ പതിയെ അക്രമകാരിയായി ഭാര്യ മാറുന്നതോടെ അയാള്‍ കൂടുതല്‍ ദുര്‍ഘടമായ ഒരവസ്ഥയിലേക്കു എത്തുന്നു. ഭര്‍ത്താവിന്റെ കാലില്‍ ഇരുമ്പുകമ്പി കുത്തികയറ്റുന്ന ഭാര്യ, ഒടുവില്‍ അവള്‍ സ്വയം പീഡിപ്പിക്കുന്നു. ഏതു ആനന്ദമാണോ തന്റെ കുഞ്ഞു മരിക്കുന്നസമയത്ത് അവള്‍ അനുഭവിച്ചത്, ആ സന്തോഷത്തെ തന്റെ ജീവിതത്തില്‍ നിന്നും ശരീരത്തില്‍ നിന്നും അവള്‍ മുറിച്ചുമാറ്റുന്നു. ഒരു മനുഷ്യന് സ്വയം പീടിപ്പിക്കാവുന്നതിന്റെ അങ്ങേയറ്റം. ചികിത്സയുടെ സര്‍വസാധ്യതകളും ലംഘിച്ചു മുന്നേറിയ രോഗത്തെ മരണത്തിലൂടെ മാത്രമേ അയാള്‍ക്ക് കീഴ്പ്പെടുത്താന്‍ കഴിയുന്നുള്ളൂ. ആദ്യം കുഞ്ഞിന്റെ മരണത്തില്‍നിന്നും തുടങ്ങുന്നതാണ് പ്രശ്നങ്ങള്‍ എങ്കില്‍ സ്ത്രീയുടെ മരണത്തോടെ ഭീകരമായ അവസ്ഥക്ക് വിരാമമാകുന്നു. മരണം വില്ലനും രക്ഷകനും ആകുന്ന അവസ്ഥ.

മനസിന്റെ അതിസംഘര്‍ഷതയില്‍ സര്‍വസദാചാരസങ്കല്‍പ്പങ്ങളും തകര്‍ന്നടിയുന്നു. പിടിച്ചുനിര്‍ത്താന്‍ പറ്റാത്ത വേഗത്തില്‍ നാശംവിതയ്ക്കുന്ന മനുഷ്യനെ വിശ്വാസങ്ങള്‍ കൊണ്ട് തളച്ചിടാനാവില്ല എന്നീ ചിത്രം സൂചിപ്പിക്കുന്നു. ഇതെല്ലാം മനസില്ലാക്കി തിരികെപോകുമ്പോഴും പിന്നെയും മനുഷ്യര്‍ വിശ്വാസത്തിന്റെ മലചവിട്ടിക്കയറുന്നു.

Monday, January 11, 2010

ആശങ്കകളില്‍ തിരയടിച്ച 'എബൌട്ട്‌ എല്ലി'


സന്തോഷകരമായ ഉല്ലാസദിനങ്ങളില്‍ പതിയെ പതിയെ സംശയത്തിന്റെയും ആശങ്കയുടെയും നിഴല്‍ വീഴുന്നതിന്റെ കഥ പറയുന്നതാണ് അസ്ഗര്‍ ഫര്‍ഹാദിയുടെ ഇറാന്‍ ചിത്രം 'എബൌട്ട്‌ എല്ലി'.
സെപിഡ കുടുംബത്തോടൊപ്പം കാസ്പിയന്‍ കടല്‍തീരത്ത് പിക്നിക്‌ പോകുമ്പോള്‍ മകളുടെ ടീച്ചറായ എല്ലിയെയും ഒപ്പം കൂട്ടുന്നു. സുഹൃത്തായ അഹമ്മദിനു എല്ലിയെ പരിചയപ്പെടുത്തുകയായിരുന്നു ഉദ്ദേശം. എല്ലിയുടെ നല്ലഗുണങ്ങള്‍ കണ്ട് എല്ലാവരും അവളെ ഇഷ്ടപ്പെട്ടു തുടങ്ങുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഉണ്ടായ എല്ലിയുടെ തിരോധാനം ആദ്യം സങ്കടത്തിന്റെയും പിന്നീട് സംശയത്തിന്റെയും സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. പലരീതിയില്‍ സംശയങ്ങള്‍ തലപൊക്കുന്നു. തന്റെ നിര്‍ബന്ധം കൊണ്ടാണ് എല്ലി വന്നതെന്നും അവള്‍ക്കു മറ്റൊരു കാമുകനുണ്ടായിരുന്നെന്നും സെപിഡ വെളിപെടുത്തുന്നു.

കഥാപാത്രങ്ങളോടൊപ്പം പ്രേക്ഷകനും സത്യം തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. ആദ്യം എല്ലിക്കായി കടലില്‍ തിരച്ചില്‍ നടത്തുമ്പോഴും പിന്നീട് അവളെ സംശയിക്കുമ്പോഴും കഥാപാത്രങ്ങളുടെ വികാരം പ്രേക്ഷകനെയും ബാധിക്കുന്നു. ആദ്യാവസാനം ഒരു മുന്‍വിധികള്‍ക്കും വഴങ്ങികൊടുക്കാതെ സംവിധായകന്‍ സിനിമയ സ്വന്തം രീതിയില്‍ വ്യാഖ്യാനിച്ചു.

സമൂഹം സ്വന്തം നിഗമനങ്ങള്‍ വച്ചു ഒരു പെണ്‍കുട്ടിയെ സംശയിക്കുന്നതിന്റെ വ്യക്തമായ ചിത്രം നമുക്കു കാണാം. എന്താണ് ഉണ്ടായത് എന്ന് വ്യക്തമാകുന്നതിനു മുന്‍പേ മുന്‍വിധികള്‍ വച്ചു അവര്‍ പെണ്‍കുട്ടിയെ തെറ്റായി കാണുന്നു. ഒടുവില്‍ സത്യം തിരിച്ചറിയുമ്പോള്‍ എല്ലാ മുന്‍വിധികളും വെറുതെയാകുന്നു. ഏതു സമൂഹമാണെങ്കിലും തങ്ങളുടെ താല്പര്യം പോലെ അല്ല കാര്യങ്ങളെങ്കില്‍, സന്ദര്‍ഭത്തിലും വ്യക്തിയിലുമൊക്കെ അവര്‍ ദുരൂഹത കല്‍പ്പിക്കുന്നു.സത്യം കണ്ടെത്താന്‍ അല്ല സത്യത്തെ പ്രവചിക്കാനാണ് കൂടുതല്‍ താല്പര്യം. എല്ലിയുടെ പൂര്‍വകാമുകന്‍ അവളെ തിരഞ്ഞെത്തുമ്പോള്‍ ആദ്യം അവര്‍ സത്യം വെളിപ്പെടുത്തുന്നില്ല.

അപ്രിയമായ സത്യാവസ്ഥയെ നേരിടാന്‍ മനുഷ്യര്‍ എന്നും മടിക്കുന്നു. സാഹചര്യങ്ങളെ ഇഷ്ടത്തിനനുസരിച്ചു സൃഷ്ടിക്കാനുള്ള മനുഷ്യന്റെ ആഗ്രഹത്തെ ഈ ചിത്രം ദൃശ്യമാക്കുന്നു. സിനിമയുടെ ക്ലൈമാക്സില്‍ എത്തുമ്പോള്‍ എല്ലാം മാറിമറിയുന്നു. അന്വേഷണങ്ങള്‍ക്കും ദുരൂഹതകള്‍ക്കും ഒടുവില്‍ സത്യത്തിനു അതിലും ഭീകരമായ മുഖമാണ് എന്നു തിരിച്ചറിയുന്നു.