Friday, May 28, 2010

കുറച്ച് നേരം

പാര്‍ക്കില്‍ ചെന്ന് ഒരു മരത്തണലില്‍ ഇരുന്നു. ആരും വരുമെന്ന് പറഞ്ഞില്ല, ആരെയും പ്രതീക്ഷിച്ചുമല്ല; എങ്കിലും ചുറ്റും കണ്ണുകള്‍ പാഞ്ഞുകൊണ്ടിരുന്നു.
കുറച്ച് അപ്പുറത്തായി ഒരു സുഹൃത്ത്കൂട്ടം ഇരിക്കുന്നുണ്ടായിരുന്നു. അവിടുന്ന് സംസാരവും ചിരിയും ഒക്കെ കേള്‍ക്കാം. ഇടയ്ക്ക് അങ്ങോട്ട്‌ നോക്കുന്നുണ്ടെങ്കിലും അങ്ങോട്ടേക്ക് അത്ര ശ്രദ്ധ കൊടുക്കാന്‍ മനസിന്‌ താല്പര്യമില്ലായിരുന്നു. യഥാര്‍ത്ഥത്തില്‍ അപ്പോള്‍ മനസ് ഒന്നിലും ഊന്നാതെ സ്വതന്ത്രമായി ചിന്തിക്കാന്‍ ആഗ്രഹിച്ചതു പോലെ.

ഒരു മരത്തില്‍ വയലറ്റ് പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്നു. പച്ചയുടെ ഇടയിലായി വയലറ്റുകള്‍ കാണാന്‍ നല്ല ഭംഗി തോന്നി. പൂക്കളെ ചുറ്റിപറ്റി രണ്ടു മഞ്ഞ ശലഭങ്ങള്‍ പാറിനടക്കുന്നു. വയലറ്റ് പൂക്കള്‍ കൊഴിയുന്നുണ്ടായിരുന്നു. റ്റാറിട്ട  വഴിയില്‍ വീണുകിടക്കുന്ന വയലറ്റുകളിലും പ്രകൃതിയുടെ സൗന്ദര്യം തെളിഞ്ഞു.

അവിടെ നിര്‍ത്തിയിട്ടിരുന്ന  കാറില്‍നിന്നും ഒരു കുട്ടി ഓടി ഇറങ്ങിവന്നു. രണ്ടു മൂന്നു പൂക്കള്‍ കൈയിലെടുത്തു. നിഷ്കളങ്കമായ ചിരിയോടെ കുഞ്ഞ് വയലറ്റ് നിറത്തെ നോക്കി. അമ്മവന്ന് കൈപിടിച്ച് കുഞ്ഞിനെ എങ്ങോട്ടോ കൂട്ടികൊണ്ടുപോയി. അങ്ങനെ ആ കാഴ്ച കഴിഞ്ഞു.

പാര്‍ക്കിലേക്ക് കുറെപേര്‍ വരുന്നുണ്ട്. കുറച്ചുപേര്‍ പോകുന്നുമുണ്ട്. രണ്ടു കുട്ടികള്‍ ഊഞ്ഞാലില്‍ ആടികളിക്കുന്നുണ്ട്. അതില്‍ ഒരു പെണ്‍കുട്ടി കൗതുകത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു. കുട്ടിയുടെ പഞ്ചാബി രീതിയിലുള്ള വേഷം കണ്ടപ്പോള്‍ എനിക്കും കൗതുകം തോന്നി.

കുറച്ച്നേരം കൂടി മനസ് ഒന്നിലും ഉറയ്ക്കാതെ എന്തൊക്കയോ ആലോചിച്ചിരുന്നു. എന്നിട്ട് എഴുന്നേറ്റുനടന്നു. പോകുന്നേരം ഒന്നുകൂടി ആ പഞ്ചാബിവേഷക്കാരിയെ തിരിഞ്ഞുനോക്കി. പിന്നെ പാര്‍ക്കിലെ ആ കൊച്ചുലോകത്തെ വെടിഞ്ഞു വിശാലമായ വഴിയോരലോകത്തേക്ക് കടന്നു.

6 comments:

  1. അസ്വസ്ഥമായ മനസ്സ് ചെകുത്താന്റെ കൂടാരമാണ. :-)

    മുകുന്ദന്റെ രമേശന് നായരെപ്പോലെ ലക്ഷ്യമില്ലാതെ നടക്കല്ലേട്ടോ
    :-)
    ഉപാസന

    ReplyDelete
  2. കുറച്ചു നേരം ഞാനുമുണ്ടായിരുന്നു ആ മരത്തണലില്‍ എന്നു തോന്നി.:)

    ReplyDelete
  3. നിങ്ങളെല്ലാവരും എന്റെ കുറച്ച് നേരത്തിലേക്ക് വന്നല്ലോ, സന്തോഷം...

    ReplyDelete
  4. kurachu neram....ennu kandappol keri nokkiyatha...kurachu neram mathiyallo.........*-*

    ReplyDelete
  5. പിന്നെയും ആ പഞ്ചാബി വേഷക്കാരി കുട്ടിയെ തിരിഞ്ഞു നോക്കിയില്ലേ....വരും വരാതിരിക്കില്ല. അവളെക്കാള്‍ ഭംഗിയുള്ളവള്‍.
    പാര്‍ക്കിലൊക്കെ ഒറ്റയ്ക്കുചെന്നിരിക്കുമ്പോള്‍ നല്ല സാഹിത്യത്തെയും കൂടെക്കൂട്ടണം.

    ReplyDelete