Monday, January 11, 2010

ആശങ്കകളില്‍ തിരയടിച്ച 'എബൌട്ട്‌ എല്ലി'


സന്തോഷകരമായ ഉല്ലാസദിനങ്ങളില്‍ പതിയെ പതിയെ സംശയത്തിന്റെയും ആശങ്കയുടെയും നിഴല്‍ വീഴുന്നതിന്റെ കഥ പറയുന്നതാണ് അസ്ഗര്‍ ഫര്‍ഹാദിയുടെ ഇറാന്‍ ചിത്രം 'എബൌട്ട്‌ എല്ലി'.
സെപിഡ കുടുംബത്തോടൊപ്പം കാസ്പിയന്‍ കടല്‍തീരത്ത് പിക്നിക്‌ പോകുമ്പോള്‍ മകളുടെ ടീച്ചറായ എല്ലിയെയും ഒപ്പം കൂട്ടുന്നു. സുഹൃത്തായ അഹമ്മദിനു എല്ലിയെ പരിചയപ്പെടുത്തുകയായിരുന്നു ഉദ്ദേശം. എല്ലിയുടെ നല്ലഗുണങ്ങള്‍ കണ്ട് എല്ലാവരും അവളെ ഇഷ്ടപ്പെട്ടു തുടങ്ങുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഉണ്ടായ എല്ലിയുടെ തിരോധാനം ആദ്യം സങ്കടത്തിന്റെയും പിന്നീട് സംശയത്തിന്റെയും സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. പലരീതിയില്‍ സംശയങ്ങള്‍ തലപൊക്കുന്നു. തന്റെ നിര്‍ബന്ധം കൊണ്ടാണ് എല്ലി വന്നതെന്നും അവള്‍ക്കു മറ്റൊരു കാമുകനുണ്ടായിരുന്നെന്നും സെപിഡ വെളിപെടുത്തുന്നു.

കഥാപാത്രങ്ങളോടൊപ്പം പ്രേക്ഷകനും സത്യം തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. ആദ്യം എല്ലിക്കായി കടലില്‍ തിരച്ചില്‍ നടത്തുമ്പോഴും പിന്നീട് അവളെ സംശയിക്കുമ്പോഴും കഥാപാത്രങ്ങളുടെ വികാരം പ്രേക്ഷകനെയും ബാധിക്കുന്നു. ആദ്യാവസാനം ഒരു മുന്‍വിധികള്‍ക്കും വഴങ്ങികൊടുക്കാതെ സംവിധായകന്‍ സിനിമയ സ്വന്തം രീതിയില്‍ വ്യാഖ്യാനിച്ചു.

സമൂഹം സ്വന്തം നിഗമനങ്ങള്‍ വച്ചു ഒരു പെണ്‍കുട്ടിയെ സംശയിക്കുന്നതിന്റെ വ്യക്തമായ ചിത്രം നമുക്കു കാണാം. എന്താണ് ഉണ്ടായത് എന്ന് വ്യക്തമാകുന്നതിനു മുന്‍പേ മുന്‍വിധികള്‍ വച്ചു അവര്‍ പെണ്‍കുട്ടിയെ തെറ്റായി കാണുന്നു. ഒടുവില്‍ സത്യം തിരിച്ചറിയുമ്പോള്‍ എല്ലാ മുന്‍വിധികളും വെറുതെയാകുന്നു. ഏതു സമൂഹമാണെങ്കിലും തങ്ങളുടെ താല്പര്യം പോലെ അല്ല കാര്യങ്ങളെങ്കില്‍, സന്ദര്‍ഭത്തിലും വ്യക്തിയിലുമൊക്കെ അവര്‍ ദുരൂഹത കല്‍പ്പിക്കുന്നു.സത്യം കണ്ടെത്താന്‍ അല്ല സത്യത്തെ പ്രവചിക്കാനാണ് കൂടുതല്‍ താല്പര്യം. എല്ലിയുടെ പൂര്‍വകാമുകന്‍ അവളെ തിരഞ്ഞെത്തുമ്പോള്‍ ആദ്യം അവര്‍ സത്യം വെളിപ്പെടുത്തുന്നില്ല.

അപ്രിയമായ സത്യാവസ്ഥയെ നേരിടാന്‍ മനുഷ്യര്‍ എന്നും മടിക്കുന്നു. സാഹചര്യങ്ങളെ ഇഷ്ടത്തിനനുസരിച്ചു സൃഷ്ടിക്കാനുള്ള മനുഷ്യന്റെ ആഗ്രഹത്തെ ഈ ചിത്രം ദൃശ്യമാക്കുന്നു. സിനിമയുടെ ക്ലൈമാക്സില്‍ എത്തുമ്പോള്‍ എല്ലാം മാറിമറിയുന്നു. അന്വേഷണങ്ങള്‍ക്കും ദുരൂഹതകള്‍ക്കും ഒടുവില്‍ സത്യത്തിനു അതിലും ഭീകരമായ മുഖമാണ് എന്നു തിരിച്ചറിയുന്നു.

No comments:

Post a Comment