Friday, January 15, 2010

വ്യത്യസ്ത പ്രമേയവുമായി 'ആന്റിക്രൈസ്റ്റ്'

ഒറ്റനോട്ടത്തില്‍ പ്രേക്ഷകനെ ഞെട്ടിച്ച സിനിമ. അതായിരുന്നു ലാര്‍സ് വോണ്‍ ട്രയറിന്റെ 'ആന്റിക്രൈസ്റ്റ്'. ചിന്തയ്ക്കുമപ്പുറമുള്ള ജീവിതത്തിന്റെ അപൂര്‍വതകളെ വിഷ്വലുകളിലൂടെ നമ്മുടെ മനസിലേയ്ക്ക് കടത്തിവിട്ടിരിക്കുന്നു.

ദമ്പതികള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പെട്ടുകൊണ്ടിരിക്കെ അവരുടെ മകന്‍ മരിക്കുന്നതിന്റെ ആഘാതമാണ് സിനിമയുടെ പ്രമേയത്തിന് ആധാരം. ഈ ദുരന്തത്തിന്റെ തുടര്‍ച്ചയായി ഉണ്ടാകുന്നത് അനിയന്ത്രിതമായ മാനസികസംഘര്‍ഷങ്ങളും അസ്വസ്ഥതകളുമാണ്. ആഘാതത്തിന്റെ നിഴലില്‍പെട്ട് തികച്ചും അസ്വാഭാവികമായ രീതിയിലാണ് സ്ത്രീ പലപ്പോഴും പെരുമാറുന്നത്. ഭാര്യയുടെ ഭീകരമായ ഈ അവസ്ഥയെ ചികിത്സിച്ചു ഭേദമാക്കാന്‍ തെറാപ്പിസ്റ്റായ ഭര്‍ത്താവ് തീരുമാനിക്കുന്നു. ഇതിനായി അയാള്‍ ഭാര്യയുമൊത്ത് ഏകാന്തമായ ഒരു വനപ്രദേശത്ത് താമസിക്കാന്‍ പോകുന്നു. അസ്വാഭാവികമായി പെരുമാറുന്ന ഭാര്യയുടെ രീതികളുമായി പൊരുത്തപെടാന്‍ അയാള്‍ക്ക് പലപ്പോഴും കഴിയുന്നില്ല.

വിശ്വാസങ്ങളെയും സദാചാരബോധത്തെയുമെല്ലാം തയ്ച്ചുടച്ചുകൊണ്ട് കഥപറയുകയാണ് ഈ ചലച്ചിത്രം. സ്വയംഭോഗവും വിരുദ്ധ ലൈംഗികവേഴ്ചയുമെല്ലാം നേര്‍കാഴ്ചകളാകുന്നു. ക്രൂരതകളുടെ മുകളില്‍ വെള്ളപൂശുന്ന സമൂഹത്തിന്റെ അടിത്തട്ടില്‍ ഇതിലും ക്രൂരതകള്‍ ഒളിഞ്ഞിരിക്കുന്നുണ്ടാകും.

പതിയെ പതിയെ അക്രമകാരിയായി ഭാര്യ മാറുന്നതോടെ അയാള്‍ കൂടുതല്‍ ദുര്‍ഘടമായ ഒരവസ്ഥയിലേക്കു എത്തുന്നു. ഭര്‍ത്താവിന്റെ കാലില്‍ ഇരുമ്പുകമ്പി കുത്തികയറ്റുന്ന ഭാര്യ, ഒടുവില്‍ അവള്‍ സ്വയം പീഡിപ്പിക്കുന്നു. ഏതു ആനന്ദമാണോ തന്റെ കുഞ്ഞു മരിക്കുന്നസമയത്ത് അവള്‍ അനുഭവിച്ചത്, ആ സന്തോഷത്തെ തന്റെ ജീവിതത്തില്‍ നിന്നും ശരീരത്തില്‍ നിന്നും അവള്‍ മുറിച്ചുമാറ്റുന്നു. ഒരു മനുഷ്യന് സ്വയം പീടിപ്പിക്കാവുന്നതിന്റെ അങ്ങേയറ്റം. ചികിത്സയുടെ സര്‍വസാധ്യതകളും ലംഘിച്ചു മുന്നേറിയ രോഗത്തെ മരണത്തിലൂടെ മാത്രമേ അയാള്‍ക്ക് കീഴ്പ്പെടുത്താന്‍ കഴിയുന്നുള്ളൂ. ആദ്യം കുഞ്ഞിന്റെ മരണത്തില്‍നിന്നും തുടങ്ങുന്നതാണ് പ്രശ്നങ്ങള്‍ എങ്കില്‍ സ്ത്രീയുടെ മരണത്തോടെ ഭീകരമായ അവസ്ഥക്ക് വിരാമമാകുന്നു. മരണം വില്ലനും രക്ഷകനും ആകുന്ന അവസ്ഥ.

മനസിന്റെ അതിസംഘര്‍ഷതയില്‍ സര്‍വസദാചാരസങ്കല്‍പ്പങ്ങളും തകര്‍ന്നടിയുന്നു. പിടിച്ചുനിര്‍ത്താന്‍ പറ്റാത്ത വേഗത്തില്‍ നാശംവിതയ്ക്കുന്ന മനുഷ്യനെ വിശ്വാസങ്ങള്‍ കൊണ്ട് തളച്ചിടാനാവില്ല എന്നീ ചിത്രം സൂചിപ്പിക്കുന്നു. ഇതെല്ലാം മനസില്ലാക്കി തിരികെപോകുമ്പോഴും പിന്നെയും മനുഷ്യര്‍ വിശ്വാസത്തിന്റെ മലചവിട്ടിക്കയറുന്നു.

No comments:

Post a Comment