Tuesday, June 8, 2010

ഇപ്പോള്‍ ഇവിടെ മഴയാണ്..

ആദ്യം കാറ്റു വന്നു; പിന്നെ മഴയും. വേനലിന്റെ തീക്ഷണതയില്‍ നിന്നും മഴയുടെ കുളിര്‍മ്മയിലേക്കുള്ള പ്രകൃതിയുടെ ചുവടുമാറ്റം. മണ്ണിന്റെ മണം അറിഞ്ഞുതുടങ്ങി. ഉണങ്ങികിടന്ന മണ്ണില്‍ പുതുമഴ വീണ്, ഒഴുകുന്ന വെള്ളത്തിനൊപ്പം ആ മണവും ഒഴുകി.

മഴ കനത്തുവരുന്നു. ഇലകളും പൂക്കളും ചിരിച്ചു. ഒരു നനഞ്ഞ കാക്ക വൃക്ഷക്കൊമ്പില്‍ ഇലകള്‍ക്കടിയിലിരുന്നു ചിറക് കുടയുന്നു. മഴവരും മുന്‍പ് അത് കൂടുകൂട്ടാന്‍ മറന്നതോ, അതോ ഇവിടെ പെട്ടുപോയതോ..

എന്തൊരു സുഖമാണ് ഈ മഴ.. എത്രകണ്ടാലും മതിവരില്ല; എത്ര നനഞ്ഞാലും കൊതിതീരില്ല. പണ്ട് പ്രൈമറിക്ലാസ്സില്‍ മഴ പെയ്യുന്നത് എങ്ങനെ എന്നു പഠിച്ചത് പെട്ടെന്നു ഓര്‍മ്മയില്‍വന്നു. ആ ശാസ്ത്രമാണോ മഴ. അതോ ഒരു കവിതയില്‍ വായിച്ചതുപോലെ, മേഘങ്ങള്‍ നിറകുടവുമായിവന്ന് വെള്ളം തളിച്ചാണോ മഴ പെയ്യിക്കുന്നത്. എന്തൊരു കവിഭാവന, അല്ലെ..?

കണ്ടുകണ്ടിരുന്നപ്പോള്‍ തോന്നി, മഴ പെയ്തു തോരുകയാണോ. അതെ, ഇപ്പോള്‍ മരം പെയ്യുകയാണ്. വാഴയിലയില്‍ നിന്നും വെള്ളത്തുള്ളികള്‍ ഒഴുകി മണ്ണിലേക്ക് പതിച്ചു; സ്ഫടികത്തുള്ളികള്‍പോലെ. ഞാന്‍ പുറത്തേക്കു ഇറങ്ങി. എന്റെ കണ്‍പീലിയിലും വീണു ഒരു മഴതുള്ളി.

6 comments:

  1. രാത്രിമഴയ്ക്ക് ശേഷം പുലര്‍കാലത്ത് മരം പെയ്യുന്നത് ഏറെ രസകരമാണ്..!!
    നനുനനുത്ത മഴയോര്‍മകള്‍ അതിലേറെ രസകരം ..!!
    മഴ അതൊരു അനുഗ്രഹംതന്നെ...!!

    ReplyDelete
  2. മഴ അങ്ങനെയാണ്. എത്ര കണ്ടാലും മതി വരില്ല. എത്ര നനഞ്ഞാലും കൊതി തീരില്ല. കുറെ മുമ്പ് ഉണ്ണി പറഞ്ഞതോര്‍ക്കുന്നു. സൂര്യന്‍ മേഘത്തെ മുട്ടുമ്പോള്‍ മഴയുണ്ടാകുന്നു. അവന്റെ കുഞ്ഞു ഭാവന!!!

    ReplyDelete
  3. മഴയത്ത് കുളിക്കാന്‍ നല്ല രസാ.. :)
    മഴ കാണാനും

    ReplyDelete
  4. ആര്യയുടെ മഴയില്‍ ലഹരിയുണ്ട്.സിരകളെ മത്തുപിടിപ്പിക്കുന്ന ലഹരി.
    തണ്ണീര്‍മഴ, കണ്ണീര്‍മഴ, വെണ്ണീര്‍മഴ പൂമഴ
    തല്ലിത്തൊഴിമഴ തീമഴ മ്ര്'ദുമഴ ആര്യമഴ.

    ReplyDelete
  5. മഴ തോര്‍ന്നിട്ടും തൊരാതെ പെയ്യുന്ന മരച്ചുവട്ടില്‍ നില്‍ക്കാന്‍ രസമല്ലേ
    :-)

    ReplyDelete
  6. ഈ മഴ വല്ലാത്തൊരു അനുഭവം തന്നെ...

    ReplyDelete