Wednesday, June 30, 2010

കുറ്റബോധം

കൈയില്‍ ചോര പുരണ്ടിരിക്കുന്നു.വല്ലാത്ത അസ്വസ്ഥത. കൈ കഴുകണം, പക്ഷേ അടുത്തൊന്നും വെള്ളമില്ല. ചുറ്റും കട്ടപിടിച്ച ചോരയുടെ മരവിപ്പ്. അവന് അസഹിനീയമായ മടുപ്പ് തോന്നി. പക്ഷേ ആ മരവിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ വഴിയൊന്നും കണ്ടില്ല. അവന്‍ തന്റെ മുഷിഞ്ഞ ഉടുപ്പില്‍ കൈ തുടച്ചു. നഖങ്ങല്‍ക്കിടയിലും ചോര. മസ്തിഷ്കത്തിലേക്ക്‌ തുളഞ്ഞുകയറുന്ന ഗന്ധവും. ഒരിറ്റു ജലം കിട്ടാന്‍ അവന്‍ വല്ലാതെ കൊതിച്ചു.
കണ്ണുകള്‍ അടച്ചു ഇരുട്ടാക്കിനോക്കി. കണ്ണുകള്‍ തുറക്കാതെ തന്നെ രണ്ടടി മുന്നോട്ടുനടന്നു. പെട്ടന്നു മൊബൈല്‍ഫോണ്‍ ശബ്ദിച്ചു. അവന്‍ കണ്ണുകള്‍ തുറന്നു കോള്‍ എടുത്തു.
"അതേ
എല്ലാം കഴിഞ്ഞു, അവന്റെ ശല്യം ഇനി ഉണ്ടാകില്ല.
മ്.. പറഞ്ഞ കാശ് . ..
ശരി.
അടുത്ത ക്വട്ടേഷനോ.... എവിടയാണ്??
ശരി. അക്കാര്യം ഞാനേറ്റു..."

ഫോണ്‍ കീശയിലിട്ട്‌  ചോരയില്‍ ചവിട്ടി അവന്‍ നടന്നു. മനസ്സില്‍ തലപൊക്കിയ കുറ്റബോധത്തെ കുഴിച്ചുമൂടി, വീണ്ടും കൈകളില്‍ ചോര പുരട്ടാന്‍ ..

Tuesday, June 8, 2010

ഇപ്പോള്‍ ഇവിടെ മഴയാണ്..

ആദ്യം കാറ്റു വന്നു; പിന്നെ മഴയും. വേനലിന്റെ തീക്ഷണതയില്‍ നിന്നും മഴയുടെ കുളിര്‍മ്മയിലേക്കുള്ള പ്രകൃതിയുടെ ചുവടുമാറ്റം. മണ്ണിന്റെ മണം അറിഞ്ഞുതുടങ്ങി. ഉണങ്ങികിടന്ന മണ്ണില്‍ പുതുമഴ വീണ്, ഒഴുകുന്ന വെള്ളത്തിനൊപ്പം ആ മണവും ഒഴുകി.

മഴ കനത്തുവരുന്നു. ഇലകളും പൂക്കളും ചിരിച്ചു. ഒരു നനഞ്ഞ കാക്ക വൃക്ഷക്കൊമ്പില്‍ ഇലകള്‍ക്കടിയിലിരുന്നു ചിറക് കുടയുന്നു. മഴവരും മുന്‍പ് അത് കൂടുകൂട്ടാന്‍ മറന്നതോ, അതോ ഇവിടെ പെട്ടുപോയതോ..

എന്തൊരു സുഖമാണ് ഈ മഴ.. എത്രകണ്ടാലും മതിവരില്ല; എത്ര നനഞ്ഞാലും കൊതിതീരില്ല. പണ്ട് പ്രൈമറിക്ലാസ്സില്‍ മഴ പെയ്യുന്നത് എങ്ങനെ എന്നു പഠിച്ചത് പെട്ടെന്നു ഓര്‍മ്മയില്‍വന്നു. ആ ശാസ്ത്രമാണോ മഴ. അതോ ഒരു കവിതയില്‍ വായിച്ചതുപോലെ, മേഘങ്ങള്‍ നിറകുടവുമായിവന്ന് വെള്ളം തളിച്ചാണോ മഴ പെയ്യിക്കുന്നത്. എന്തൊരു കവിഭാവന, അല്ലെ..?

കണ്ടുകണ്ടിരുന്നപ്പോള്‍ തോന്നി, മഴ പെയ്തു തോരുകയാണോ. അതെ, ഇപ്പോള്‍ മരം പെയ്യുകയാണ്. വാഴയിലയില്‍ നിന്നും വെള്ളത്തുള്ളികള്‍ ഒഴുകി മണ്ണിലേക്ക് പതിച്ചു; സ്ഫടികത്തുള്ളികള്‍പോലെ. ഞാന്‍ പുറത്തേക്കു ഇറങ്ങി. എന്റെ കണ്‍പീലിയിലും വീണു ഒരു മഴതുള്ളി.