Saturday, November 7, 2009

ഭ്രാന്തി...


ഇന്നലത്തെ പരാക്രമങ്ങളുടെ ക്ഷീണം അവളില്‍ നിന്നും വിട്ടുമാറിയിരുന്നില്ല. ശരീരത്തിന് മുഴുവന്‍ വല്ലാത്ത വേദന, മനസിനും.
എന്തായിരുന്നു ഇന്നലെ. ഒന്നും വ്യക്തമായി ഓര്‍ക്കാന്‍ അവള്‍ക്കായില്ല. അവസാനം തന്റെ സിരകളിലേക്ക് വൈദ്യുതി പടര്‍ന്നു കയറുന്നതു മാത്രം അവളുടെ ഓര്‍മയിലെത്തി.

തന്റെ ജീവിതത്തിനു നേരെ വന്ന അനീതികള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചതാണ് അവള്‍ക്ക്‌ ഈഗതി വരുത്തിയത്. അനാഥയായ തന്റെ നേരെ മറ്റുള്ളവര്‍ എറിഞ്ഞു കൊടുത്ത ഭിക്ഷയായ ജീവിതം അവള്‍ സ്വീകരിച്ചില്ല. അവളതിനെ തട്ടിമാറ്റി, തന്റെ ലക്ഷ്യങ്ങളിലേക്ക് നടന്നു. വഴിയില്‍ എവിടെവച്ചോ അവള്‍ ചില അടക്കം പറച്ചിലുകള്‍ കേട്ടു "ഭ്രാന്താണ്, മുഴുഭ്രാന്ത്". പിന്നെയത് ഉച്ചത്തിലുള്ള പ്രഖ്യാപനങ്ങളായി മാറി.
ഭ്രാന്താണ് ഇവള്‍ക്ക്, ഭ്രാന്തി തളച്ചിടു". അന്ന് കൂട്ടത്തിലാരോ തന്നെ ഇവിടേക്ക് തള്ളിവിട്ടു. വര്‍ഷങ്ങളായി താനീ ഇരുമ്പുകൂട്ടിനുള്ളില്‍ ഇരുമ്പു ചങ്ങലക്കുള്ളിലെ സ്വാതന്ത്ര്യവുമായി.

എന്താണു താന്‍ ചെയ്ത തെറ്റ്. തന്റേടത്തോടെ ജീവിച്ചതോ.
എന്നാലിന്നോ തനിക്ക് ശേഷിച്ചത് ഒന്നുമില്ല. കണ്ണുനീര്‍ പോലും അന്യമായി. ഇടയ്ക്കിടെ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഇലക്ട്രിക്‌ തരംഗങ്ങള്‍ മാത്രം‍.
അവിടെയും അവള്‍ പ്രതികരിച്ചു. വെറുതെ തന്നെ ഭ്രാന്തിയെന്നു മുദ്ര കുത്തിയവരെ ചോദ്യം ചെയ്തു. അതവരെ കൂടുതല്‍ പ്രകോപിപിച്ചു. "ഇവള്‍ ഉപദ്രവകാരിയാണ്. ചങ്ങലയ്ക്കിടു‌." എല്ലാത്തിനുമൊടുവില്‍ അതും കൂടി.

എങ്ങനെ സമാധാനിക്കും; എങ്ങനെ മിണ്ടാതിരിക്കും; അതുകൊണ്ടാണ് പ്രതികരിച്ചത്. ഇന്നലയും അങ്ങനെയായിരുന്നു. ഇത്രയും നാളുകളായിട്ടും തന്റെ ഇല്ലാത്ത രോഗം ഭേദമാക്കാന്‍ കഴിയാത്ത ഡോക്ടര്‍മാര്‍. മണ്ടന്മാര്‍ ഇനിയെങ്കിലും മനസിലാക്കട്ടെ തനിക്ക് യാതൊരു കുഴപ്പവുമില്ലന്നു. പച്ചയായ മനുഷ്യന്റെ വികാരങ്ങള്‍ മാത്രമാണ് തന്നിലുള്ളത്. ജീവിതത്തില്‍ ദുരന്തങ്ങളുടെ വേലിയേറ്റങ്ങളിലൊക്കെയും പിടിച്ചു നിന്ന്, തളരാതെ പൊരുതി ജീവിക്കാന്‍ തുനിഞ്ഞ ഒരു പെണ്ണിന്റെ വികാരങ്ങള്‍, അതാണോ ഭ്രാന്ത്. യഥാര്‍ത്ഥ ജീവിതം കൊതിക്കുന്നതാണ് ഭ്രാന്തെങ്കില്‍, സുഖം തേടി കൈപിടിയില്‍ ഒതുങ്ങാത്ത അതിമോഹങ്ങള്‍ക്ക് പിറകെ പായുന്നവര്‍ ആരാണ്? മനുഷ്യരോ?

അപരിചിതമായ ലോകത്തില്‍ നിന്നെന്നപോലെ കേട്ട കാലൊച്ചകള്‍ക്കൊടുവില്‍ ഒരു ചോദ്യം അവളുടെ നേര്‍ക്ക്‌ വന്നു "ഇപ്പോള്‍ എങ്ങനയൂണ്ട്?"
ക്രൂരത സഹതാപത്തിനുള്ളില്‍ ഒളിപ്പിച്ചുകൊണ്ടുള്ള അവരുടെ നോട്ടം കണ്ട് മിണ്ടാതിരിക്കാന്‍ അവള്‍ക്കായില്ല.
"എനിക്കല്ല നിങ്ങള്‍ക്കാണ് ഭ്രാന്ത്. സുഖവും സമ്പന്നതയും മാത്രം തേടി സ്നേഹം എന്ന വാക്കിനെ പോലും മറന്നു മനസുകളെ വേദനിപിച്ചു പായുന്ന നിങ്ങള്‍ക്കാണ് ഭ്രാന്ത്. എന്നെങ്കിലും നിങ്ങളും ഒരുകൂട്ടിലടയ്ക്കപെടും.

അവളുടെ സ്വരം കടുത്തിരുന്നു. അത് അവര്‍ ഗൗനിച്ചില്ല. അവര്‍ക്കതു മനസിലായില്ല.
വീണ്ടും ആ പഴയവാക്കുകള്‍ കാതുകളില്‍ വന്നു പതിച്ചു.
"ഇവള്‍ക്ക് ഭ്രാന്താണ്."

2 comments:

  1. ഇത് ആരെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്? കഷ്ടം തന്നെ. ശാസ്തമംഗലത്തിനടുത്തോ മറ്റോ നല്ലൊരു ആശുപത്രിയുണ്ട്. പലരും നല്ല അഭിപ്രായമാണ് പറഞ്ഞുകേട്ടിട്ടുള്ളത്. ഏതായാലും അസുഖം വേഗം സുഖപ്പെടെട്ടേ എന്നാശംസിക്കുന്നു.

    ReplyDelete
  2. നന്നായി എഴുതിയിരിക്കുന്നു.ഇത് സത്യമോ മിഥ്യയോ

    ReplyDelete